ആമുഖം / ചരിത്രം

രാജ്യത്തെഭക്ഷ്യ നിയമങ്ങളുടെ ഏകീകരണത്തിനും നിയന്ത്രണ സംവിധാനങ്ങളിൽ കാലോചിതമായ നൂതന മാറ്റങ്ങൾക്കുമായി പാർലമെന്റ് 2006-ൽ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം നടപ്പിലാക്കി. 1954-ലെ ശിക്ഷാധിഷ്ഠിത പിഎഫ്എ നിയമത്തിൽ നിന്ന് വ്യത്യസ്തമായി, സ്വയം നിയന്ത്രണത്തിലൂടെ ഭക്ഷ്യസുരക്ഷ കൈവരിക്കുവാനും അതുവഴി രാജ്യത്തെ ഭക്ഷ്യ വ്യാപാര വ്യവസായത്തിൽ അച്ചടക്കം പ്രോത്സാഹിപ്പിക്കുവാനുമാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. 2006 ലെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം, വകുപ്പ് 30 പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും ഭക്ഷ്യസുരക്ഷാ കമ്മീഷണറെ നിയമിക്കുനനതിനും, ഭക്ഷ്യസുരക്ഷയും മാനദണ്ഡങ്ങളും നിയമത്തിന് കീഴിലുള്ള മറ്റ് ആവശ്യകതകളും അതിനനുസരിച്ചുള്ള ചട്ടങ്ങളും കാര്യക്ഷമമായി നടപ്പിലാക്കാനും വിഭാവനം ചെയ്യുന്നു. അതനുസരിച്ച് 2009 ജൂലൈ മാസത്തിൽ കേരളത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് രൂപീകരിച്ചു.

ഉദ്ദേശലക്ഷ്യങ്ങൾ

സംസ്ഥാനത്തെ പൗരന്മാർക്ക്സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണവും ശുദ്ധ ജലവും ഉറപ്പാക്കാനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വികസിപ്പിക്കാനും വകുപ്പ് ലക്ഷ്യമിടുന്നു. ഭക്ഷ്യസുരക്ഷയ്ക്കും ഗുണനിലവാരത്തിനും പേരുകേട്ട ഒരു മാതൃകാ സംസ്ഥാനമായി കേരളത്തെ കെട്ടിപ്പടുക്കുന്നതിന് സമൂഹവുമായി കൈകോർത്ത് പ്രവർത്തിക്കുക, അതുവഴി “ആരോഗ്യകരമായ ജീവിതത്തിന് സുരക്ഷിത ഭക്ഷണം” എന്ന മുദ്രാവാക്യം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വകുപ്പ് ചുവടെ ചേർത്തിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ ശ്രമിക്കുന്നു.

  • സംസ്ഥാനത്ത് ഉല്പാദിപ്പിയ്ക്കുന്നതും വിതരണം ചെയ്യുന്നതും കയറ്റുമതി ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതുമായ ഭക്ഷണ പദാർത്ഥങ്ങൾ സുരക്ഷിതവും ഉപയോഗയോഗ്യവുമാണെന്ന് ഉറപ്പാക്കുക
  • കൃഷിയിടം മുതൽ തീൻമേശ വരെയുള്ള എല്ലാ തലങ്ങളിലും സുരക്ഷിത ഭക്ഷണം നൽകുന്നതിനുള്ള മികച്ച മാനദണ്ഡങ്ങളും സമ്പ്രദായങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ
  • സംസ്ഥാനത്തെ പൗരന്മാർക്കിടയിൽ “ഭക്ഷ്യസുരക്ഷാ സംസ്കാരം” വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിയ്ക്കുക
    “സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം” കേരളത്തിലെ ഒരു ജീവിതരീതിയാക്കുക
  • ഭക്ഷ്യസുരക്ഷാ നിയമത്തിന്റെയും ചട്ടങ്ങളുടെയും/നിയന്ത്രണങ്ങളുടെയും അടിസ്ഥാനത്തിൽ ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർക്ക് ലൈസൻസ്/രജിസ്‌ട്രേഷൻ നൽകൽ.
  • ഭക്ഷ്യസുരക്ഷാ നിയമത്തിന്റെയും ചട്ടങ്ങളുടെയും/നിയന്ത്രണങ്ങളുടെയും വ്യവസ്ഥകൾ അനുസരിച്ച് ഭക്ഷ്യ ഉൽപ്പാദനം, സംഭരണം, വിതരണം, വിൽപ്പന, എന്നിവയിലുള്ള നിയന്ത്രണം
  • വിപണിയിൽ ലഭ്യമാകുന്ന ഭക്ഷണസാധനങ്ങളുടെ സാമ്പിളുകൾ കൃത്യമായ ഇടവേളകളിൽ ശേഖരിച്ച് അനലിറ്റിക്കൽ ലാബുകളിൽ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കുക വഴി ഭക്ഷ്യ വിപണിയിൽ നിരീക്ഷണവും നിയന്ത്രണവും ഉറപ്പാക്കുക, പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളിൽ നിയമാനുസരണം ഉണ്ടായിരിക്കേണ്ട ലേബൽ വിവരങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കുക.
  • ഫുഡ് സേഫ്റ്റി ആക്ട്/റൂൾസ്/റെഗുലേഷൻസ് പ്രകാരം നിർദ്ദേശിച്ചിട്ടുള്ള ഫുഡ് സേഫ്റ്റി മാനേജ്‌മെന്റ് സിസ്റ്റങ്ങൾ പാലിക്കാൻ പ്രാപ്തരാക്കുന്നതിന് ഫുഡ് ബിസിനസ് ഓപ്പറേറ്റർമാരെ ബോധവൽക്കരിക്കുകയും പരിശീലന പരിപാടികൾ സംഘടിപ്പിയ്ക്കുകയും ചെയ്യുക.

പ്രവർത്തന രീതി

ഭക്ഷ്യ സുരക്ഷാ വകുപ്പ് മൂന്ന് വിഭാഗങ്ങൾ ഉൾക്കൊള്ളുന്നു

1. എൻഫോഴ്സ്മെന്റ് വിഭാഗം
2. അനലിറ്റിക്കൽ വിഭാഗം
3. അഡ്മിനിസ്ട്രേറ്റീവ് വിഭാഗം