ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് സംരംഭങ്ങളെ ഏറ്റവും മികച്ച രീതിയിലുള്ള ഫുഡ് കോർട്ടുകളായി മാറ്റുക എന്ന ലക്ഷ്യത്തോടെ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ നടപ്പിലാക്കുന്ന പദ്ധതിയാണ് ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് സുരക്ഷിതവും വൃത്തിയുള്ളതുമായ ഭക്ഷണം ലഭിക്കുന്ന ഇടങ്ങൾ ഒരുക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന കാരണത്താൽ പലപ്പോഴും വിനോദ സഞ്ചാരികൾ സ്ട്രീറ്റ് ഫുഡിനെ അവഗണിക്കുന്ന പ്രവണതയാണുള്ളത്. ഈ രീതിയിൽ നിന്നും മാറ്റി മികച്ച ഭക്ഷണം നൽകി , വിദേശികളായ വിനോദ സഞ്ചാരികളെയും പ്രാദേശിക വിനോദ സഞ്ചാരികളെയും സ്ട്രീറ്റ് ഫുഡ് മേഖലയിലേക്ക് ആകർഷിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

സുരക്ഷിതവും വൃത്തിയുള്ളതുമായ പ്രാദേശിക ഭക്ഷണം നൽകുന്നതിന് കച്ചവടക്കാരെയും ചെറുകിട ഭക്ഷണ സംരംഭകരെയും പ്രാപ്തമാക്കുന്നതോടൊപ്പം സംസ്ഥാനത്തെ സമ്പന്നമായ പരമ്പരാഗത പാചകരീതികൾ പ്രദർശിപ്പിക്കുന്നതിനുള്ള നല്ല അവസരവും ഇത് നൽകുന്നു.

സ്ട്രീറ്റ് ഫുഡ് സംരംഭകർക്ക് പരിശീലനം നൽകുകയും അതുവഴി മികച്ച സംരംഭകരാകുന്നതിനുള്ള കഴിവ് വർധിപ്പിക്കുകയും പദ്ധതിയിലൂടെ നടപ്പിലാക്കുന്നു. 2006 ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ടിൻ്റെ ശരിയായ നടത്തിപ്പിൻ്റെ മേൽനോട്ടവും ഇതിൽ ഉൾപ്പെടുന്നു.

പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ

1. സ്ട്രീറ്റ് ഫുഡ് ഉപഭോക്താക്കളുടെ ആരോഗ്യത്തിനായി ഭക്ഷണത്തിൻ്റെ ശുചിത്വം സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ ഉറപ്പാക്കുക.

2. സ്ട്രീറ്റ് ഫുഡ് സംരംഭകരുടെ സമൂഹത്തിൻ്റെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ഉറപ്പാക്കാൻ, വിളമ്പുന്ന ഭക്ഷണത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ അവരെ സഹായിക്കുകയും അതുവഴി അവരുടെ അടിത്തറ മെച്ചപ്പെടുത്തുകയും ചെയ്യുക.

3. സ്ട്രീറ്റ് ഫുഡിൻ്റെ സ്വീകാര്യത വർധിപ്പിച്ച് ഒരു ആഗോള ബ്രാൻഡാക്കി മാറ്റുക.

കൂടുതൽ വിവരങ്ങൾക്ക്: https://eatrightindia.gov.in/streetfoodhub/home