വൈറ്റമിൻ എ, അയഡിൻ, അയൺ, ഫോളിക് ആസിഡ് എന്നീ മൈക്രോ ന്യൂട്രിയൻ്റ്സുകളുടെ അഭാവം മൂലം നിശാന്ധത, ഗോയിറ്റർ, അനീമിയ തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുന്ന ഗുരുതരമായ പ്രശ്നമാണ് ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്നത്.
പോഷകക്കുറവ് പരിഹരിക്കുന്നതിന് പ്രധാന ഭക്ഷണങ്ങളിൽ അയൺ, അയഡിൻ, സിങ്ക്, വിറ്റാമിൻ എ & ഡി തുടങ്ങിയ പ്രധാന വിറ്റാമിനുകളും ധാതുക്കളും ചേർക്കുന്നതാണ് ഫോർട്ടിഫിക്കേഷൻ. നമ്മുടെ രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തെ അപകടപ്പെടുത്തുന്നതാണ് മറഞ്ഞിരിക്കുന്ന വിശപ്പ് എന്നും അറിയപ്പെടുന്ന സൂക്ഷ്മ പോഷക പോഷകാഹാരക്കുറവ്. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, പോഷകസമൃദ്ധമായ ഭക്ഷണത്തിൻ്റെ ലഭ്യതക്കുറവ്, സാമ്പത്തിക സ്ഥിതി തുടങ്ങിയവ ശരീരത്തിലെ മൈക്രോ ന്യൂട്രിയൻറ് കുറവിന് കാരണമായേക്കാം. ഈ പ്രശ്നത്തെ ചെറുക്കാനുള്ള പദ്ധതിയാണ് ഫുഡ് ഫോർട്ടിഫിക്കേഷൻ.
ജനങ്ങളിൽ മൈക്രോ ന്യൂട്രിയൻ്റ് കുറവുകളെ ചെറുക്കുന്നതിനുള്ള ഒരു നവീനവും ഫലപ്രദവുമായ ഇടപെടൽ രീതിയാണ് ഫോർട്ടിഫിക്കേഷൻ. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് സജീവമായി ഫുഡ് ഫോർട്ടിഫിക്കേഷൻ നടപ്പാക്കുന്നുണ്ട്.